
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം തുടരും. മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ കരാറിലെ ചില വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെടുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. പിഎം ശ്രീ പദ്ധതിയിൽ തുടരേണ്ട സാഹചര്യം സംസ്ഥാനത്തിന് നിർബന്ധിതമായിരുന്നുവെന്നും, ഇതിനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ തുടർനടപടികൾ തീരുമാനിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ ഇടത് സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചിരുന്നുവെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ സർക്കാർ വിഷയത്തിൽ നിലപാട് രൂപീകരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കും വിദ്യാഭ്യാസ മേഖലയിലെ സ്വാതന്ത്ര്യത്തിനും യാതൊരു ഭംഗവും വരാതെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പാഠ്യപദ്ധതി രൂപീകരണത്തിൽ കേരളത്തിന് പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് മുൻ സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, ജൂലൈ 1 മുതൽ സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമ്മപദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. പിഎം ശ്രീ വിഷയത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ചേർന്ന് സംയുക്ത നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വി.ഡി. സതീശൻ വിമർശനം ഉന്നയിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നാല് വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും, അന്ന് അദ്ദേഹം പ്രതികരിച്ചിരുന്നില്ലെന്നും സതീശൻ ആരോപിച്ചു. അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും അത് ന്യായീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും തെറ്റായ പ്രചാരണങ്ങളും നടക്കുന്നതായി വിമർശിച്ച മുഖ്യമന്ത്രി, കെഎസ്ആർടിസിയുടെ ഒരു ഓർഡിനറി ബസ് പോലും സിറ്റി ബസായി മാറ്റിയിട്ടില്ലെന്നും വ്യക്തമാക്കി.










